ഇത് നിർമ്മാണത്തിലുള്ള വെബ് സൈറ്റാണ്. ഇതിലെ ഉള്ളടക്കം അപൂർണ്ണമാണ്.
ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

സാമൂഹിക പശ്ചാത്തലം

നിഷ്കളങ്കരായ ഗ്രാമീണർ വസിച്ചിരുന്ന സമ്പൽസമൃദ്ധവും പ്രകൃതിരമണീയവുമായ ചെല്ലാനം പുരാതന കാലത്ത് സ്വദേശവിദേശ കച്ചവടക്കാരുടെ സ്വപ്നഭൂമിയായിരുന്നു. ഒരു തരം പോട്ട എന്ന പുല്ലിൻ്റെ തണ്ട് ഉണക്കി ഇഴയാക്കി നെയ്തെടുത്ത വസ്ത്രം ധരിച്ച് വൻമരങ്ങളുടെ വേരുകൾക്കു വിടവിൽ കുഴിയുണ്ടാക്കി വസിച്ചിരുന്ന, മീൻ പിടിച്ചും, വേട്ടയാടിയും കൃഷി ചെയ്തും ജീവിച്ചിരുന്ന തണ്ടപ്പുലയർ അഥവാ കുഴിപ്പുലയരാണ് ഇവിടുത്തെ പൂർവ്വികർ. മറ്റിടങ്ങളിൽ നിന്ന് ഇവിടെ വന്നു താമസമാക്കിയവർ ഇവരെ മെരുക്കി അടിമകളാക്കി പണിയെടുപ്പിച്ചിരുന്നു. വാക്കാൽ തീറായി പരസ്പരം ക്രയവിക്രയം ചെയ്യാറുണ്ടായിരുന്ന ഇവർ ഉടമകളെ തമ്പ്രാനെന്നും, തമ്പ്രാട്ടിയെന്നും വിളിച്ചിരുന്നു. വിശാലമായ കടൽത്തീരവും മണൽതിട്ടയും അതിനടിയിലെ കത്തിച്ചെള്ള എന്ന ഉറപ്പുള്ള പശിമണ്ണ് അവിടെ പിടിച്ചിരുന്ന അടമ്പ്, ശരപുല്ല്, മുത്തങ്ങാപ്പല്ല്, ഉപ്പത്ത, കടകൊയ്മ എന്നിവ ഏതു കടലാക്രമണത്തെയും മണ്ണൊലിപ്പിനെയും തടഞ്ഞിരുന്നു കത്തിച്ചെള്ളയിൽ ഒരു ഭാഗം കലങ്ങി ഒഴുകി അടിയുന്നിടത്താണ് ചാകര എന്ന പ്രതിഭാസം ഉണ്ടായിരുന്നത്. അന്നത്തെ സമ്പത്തുകളായ നെല്ല്, തേങ്ങ, വെളിച്ചെണ്ണ, ഉണക്കമീൻ, ഉപ്പ് എന്നിവയാൽ ഇവിടം സമൃദ്ധമായിരുന്നു. തടികൾ കൂട്ടിക്കെട്ടി ചെത്തിയുണ്ടാക്കിയ വള്ളങ്ങളിൽ എത്തുന്ന മലയോര കച്ചവടക്കാർ പണം നൽകി പകരം മലഞ്ചരക്കുകൾ വാങ്ങിയിരുന്നു. പായ്ക്കപ്പലുകളിലും പത്തേമാരികളിലുമെത്തുന്ന വിദേശിയർക്ക് മലഞ്ചരക്കുകൾ കൊടുത്ത് സ്വർണ്ണക്കട്ടികളും നാണയങ്ങളും, ചീനപാത്രങ്ങളും ഇന്നാട്ടുകാർ വാങ്ങിയിരുന്നു. തെക്കേ ചെല്ലാനത്തു കൂടിയാണ് പണ്ട് അന്ധകാരനഴി ഒഴുകിയിരുന്നത്. ചെറിയ കടവിൽ 1925-ലെ മലവെള്ളത്തിൽ ഒരു അഴിയുണ്ടായി. ഇതു രണ്ടും മൂടിപ്പോവുകയും ഇന്നു കാണുന്ന അന്ധകാരനഴി ചെല്ലാനം പഞ്ചായത്ത അതിർത്തിക്ക് 5 കി.മീ തെക്കുമാറി പുതുതായി രൂപം കൊള്ളുകയും ചെയ്തു. പോർച്ചുഗീസുകാർ ഗോവയിൽ വന്ന് നിർബന്ധിത മതപരിവർത്തന നടത്തിയപ്പോൾ വഴങ്ങാതെ വിഗ്രഹങ്ങളുമായി നാടുവിട്ട ഗൌഡസാരസ്വത ബ്രാഹ്മണരും അവരുടെ പണിക്കായികൊണ്ടുവന്ന കുടുംബികളും ഇവിടെയുമെത്തി കൊച്ചി രാജാവിനെ മുഖം കാണിച്ച് ഇവർക്കു കരം തീരുവയില്ലാതെ ദാനമായി രാജാവു കൊടുത്ത ഭൂമിയാണ് ചെല്ലാനത്തിന്റെ ഭൂരിഭാഗവും.

ഭരണചരിത്രം

1905-ലാണ് ചെല്ലാനം വില്ലേജ് പഞ്ചായത്ത് രൂപീകൃതമായത്. തിരഞ്ഞെടുപ്പൊന്നുമില്ലാതെ വൻ ഭൂവുടമകളെ നോമിനേറ്റ് ചെയ്യപ്പെട്ടിരുന്ന ഭരണസമിതിയായിരുന്നു അന്നുണ്ടായത്. കൊച്ചി ദിവാനായിരുന്ന സർ ടി.വി.വിജയരാഘവാചാര്യരുടെ ഉത്തരവുപ്രകാരം 1920 സെപ്തംബർ മാസത്തിൽ കരം തീരുവ വോട്ടവകാശാടിസ്ഥാനത്തിൽ തിരഞ്ഞെടുപ്പ നടന്നു. കൈപ്പാരി അരുളപ്പൻ പൊള്ളയിൽ (പ്രസിഡന്റ്), പി.ജി.സിറിൾ, പി.എഫ്.ജോസഫ്, കെ.ജി.ഫ്രാൻസിസ്, എൽ.പി.അഗസ്റ്റിൻ എന്നിവരാണ് അന്ന് തിരഞ്ഞെടുക്കപ്പെട്ടത്. 1953-വരെ ഈ രീതിയിലാണ് തിരഞ്ഞെടുപ്പു നടന്നത്. അന്നത്തെ എടുത്തുപറയേണ്ട പൊതുജനസേവനം ചുമടുതാങ്ങികൾ സ്ഥാപിക്കലും, വേനൽക്കാലത്ത് മോരുംവെള്ളം (സംഭാരം) വഴിയാത്രക്കാർക്ക് സൌജന്യമായി കൊടുക്കുന്ന തണ്ണീർ പന്തലുകളും, പഞ്ചായത്തു ചിലവിൽ പലയിടത്തും സ്ഥാപിച്ചിരുന്നു എന്നതാണ്. 1953-ൽ പ്രായപൂർത്തി വോട്ടവകാശപ്രകാരമായുള്ള ആദ്യ തെരഞ്ഞെടുപ്പ് നടന്നു. കുമ്പളങ്ങി വില്ലേജിൻ്റെ തീരദേശ അതിർത്തിയായ ചെറിയകടവുവരെയുള്ള പ്രദേശങ്ങൾ മാത്രമെ ചെല്ലാനം പഞ്ചായത്തിൽ അന്ന് ഉൾപ്പെട്ടിരുന്നുള്ളൂ. 14-2-1962-ലാണ് പള്ളുരുത്തി വില്ലേജിൻ്റെ ഏതാനും ഭാഗങ്ങൾ കൂട്ടിച്ചേർത്ത് ഇന്നത്തെ രീതിയിലുള്ള അതിരുകളോടുകൂടിയ ചെല്ലാനം പഞ്ചായത്ത് രൂപീകരിച്ചത്. ചെല്ലാനം വില്ലേജ് ഓഫീസിൽ പ്രവർത്തിച്ചിരുന്ന പഞ്ചായത്ത് 5.4.1968-ലാണ്. കണ്ടക്കടവിലുള്ള ഇന്നത്തെ ഓഫീസിലേക്ക് മാറ്റിയത്. 1953-ൽ ഇഷ്ടികയിൽ നിർമ്മിച്ച വീടുകൾക്ക് ആദ്യമായി കരം ചുമത്തി. 1962-ലെ പഞ്ചായത്ത് ആക്ട് പ്രകാരം 1968-ൽ ഇവിടുത്തെ ചാലുകളെല്ലാം പഞ്ചായത്തിനു വിട്ടുകിട്ടി. ചാലുകളിലെ വരുമാനം മൂലം 1972-ൽ സ്പെഷ്യൽ ഗ്രേഡ് പഞ്ചായത്തെന്ന പദവിയും ലഭിച്ചു.

പ്രാദേശീക ചരിത്രം

പണ്ടുമുതലെ കുടിപ്പള്ളിക്കൂടങ്ങള്‍ ഇവിടെയുണ്ടായിരുന്നു. ക്രിസ്ത്യന്‍ മിഷനറിമാരുടെ വരവോടെയാണ് പള്ളിക്കൊരു പള്ളിക്കൂടം എന്ന രീതിയില്‍ ഇവിടെ പല സ്ക്കൂളുകളുമുണ്ടായത്. പിടിയരി കൊടുത്തും അധ്യാപകര്‍ക്ക് ശമ്പളം കൊടുക്കുന്നതിന് തെങ്ങ് കെട്ടികൊടുത്തും പൊതുജനങ്ങള്‍ ഇതിനെ പ്രോത്സാഹിപ്പിച്ചു. 1948-ല്‍ ചെല്ലാനം സെന്റ്മേരീസ് യു.പി.സ്കൂള്‍ ഹൈസ്കൂള്‍ ആക്കിയപ്പോഴാണ് ആദ്യ ഹൈസ്കൂള്‍ ഈ പഞ്ചായത്തില്‍ ഉണ്ടായത്. എന്നാല്‍ സര്‍ക്കാര്‍ തലത്തില്‍ 1911-ല്‍ സ്ഥാപിതമായ പുത്തന്‍തോട് സ്കൂള്‍ 1982-ലാണ് ഹൈസ്കൂളാക്കിയത് ഇതാണ് ഈ പഞ്ചായത്തിലെ ഏക സര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപനം. ഇവിടത്തെ പ്രധാന ഗതാഗതമാര്‍ഗ്ഗം പഞ്ചായത്തിനെ രണ്ടായി മുറിച്ചുകൊണ്ട് 15.5 കി.മീ ദൂരത്തില്‍ തെക്കു വടക്കായി നീണ്ടുകിടക്കുന്ന പാണിക്കുടി-ചെല്ലാനം റോഡാണ്. ഇടറോഡുകളും പഞ്ചായത്തുറോഡുകളും വളരെ കുറവാണ്. ജനങ്ങള്‍ നാട്ടു നടപ്പാതകളാണ് ഉപയോഗിക്കുന്നത്. ഇവിടെ വന്നു ചേരുന്ന പ്രധാന റോഡുകള്‍ കാട്ടിപ്പറമ്പ്-കളത്തറ ഇന്ദിരാറോഡ്, കണ്ടക്കടവ്-കുമ്പളങ്ങി റോഡ്, ചെല്ലാനം-എഴുപുന്ന റോഡ് എന്നിവയാണ്. കടലോര പ്രദേശമായതുകൊണ്ട് ചെല്ലാനം ഗ്രാമപഞ്ചായത്തിലെ മുഖ്യ വ്യവസായം മത്സ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇവിടെയുള്ള ആധുനിക വ്യവസായം എന്നു പറയാവുന്നതും ഏതാനും സ്വകാര്യ മത്സ്യ മാംസ സംസ്കരണ ഫാക്ടറികള്‍ മാത്രമാണ്. കേരം തിങ്ങി വളരുന്ന ഈ പ്രദേശത്ത് പണ്ടു മുതലേ കയറും, എണ്ണയും അനുബന്ധ തൊഴിലും കുടില്‍ വ്യവസായമായി നടത്തിവന്നിരുന്നു. ഏതാണ്ട് 1960 വരെ കയര്‍ പിരി, തൊണ്ടുതല്ലല്‍, കയറ്റുപായ നിര്‍മ്മാണം എന്നിവ നല്ല രീതിയില്‍ തന്നെ നടന്നിരുന്നു. സാംസ്ക്കാരികമായി പിന്നോക്കം നില്‍ക്കുന്ന പ്രദേശമായിരുന്ന ഇവിടെ വിവിധ മതവിഭാഗങ്ങളും ജാതികളുമായി വളരെ അടുത്ത സഹകരണമാണുളളത്. ആരാധനാലയങ്ങള്‍ പോലും അടുത്തടുത്ത് സ്ഥിതി ചെയ്യുകയും ഉത്സവങ്ങളും തിരുനാളുകളും പരസ്പരം സഹായം നല്‍കിയും സഹകരിച്ചും നടത്തിപ്പോരുന്നു. ഹിന്ദു, ക്രിസ്ത്യന്‍ പ്രശസ്തിയില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന സ്ഥാപനങ്ങള്‍ ഉണ്ട്. കൂട്ടത്തില്‍ ഏറെ പ്രശസ്തം തെക്കേ ഇന്ത്യയിലെ തന്നെ പേരുകേട്ട തീര്‍ത്ഥാടനകേന്ദ്രമായ കണ്ണമാലിയിലെ സെന്റ് ജോസഫ് ചാപ്പലാണ്. മാര്‍ച്ച് 19-ന്റെ ഇവിടുത്തെ തിരുനാള്‍ ലക്ഷക്കണക്കിനാളുകള്‍ സന്ദര്‍ശിക്കുന്ന ഒന്നാണ്. 1905-ല്‍ ആരംഭിച്ച പള്ളിയും തിരുനാള്‍ നേര്‍ച്ചസദ്യയും വളരെ പ്രസിദ്ധമാണ്. വളരെയറേ പഴക്കം ചെന്നതും പ്രശസ്തവുമാണ് അന്തിക്കടവ് ആനന്ദപുരം തിരുമല ദേവസ്വം ക്ഷേത്രം ഏതാണ്ട് ഈ നൂറ്റാണ്ടിന്റെ ആദ്യഘട്ടത്തില്‍ സ്ഥാപിച്ചതാണ് എന്നു പറയപ്പെടുന്നു. വളരെ ന്യൂനപക്ഷമായ മതവിഭാഗമാണെങ്കില്‍ പോലും അനേകം പേര്‍ വര്‍ഷംതോറും ഇവിടത്തെ ഉത്സവങ്ങളില്‍ പങ്കെടുക്കുന്നു. ക്രിസ്ത്യന്‍ വിഭാഗത്തിന്റെ പ്രത്യേക കലാവിഭാഗമായ ചവിട്ടുനാടകവും പരിചമുട്ടുകളിയും ഇവിടെ പ്രശസ്തമാണ്. സാംസ്ക്കാരിക കലാ കായിക സ്ഥാപനങ്ങളില്‍ ചെല്ലാനത്ത് 1954-ല്‍ സ്ഥാപിച്ച ടാന്‍സന്‍ കലാസമിതി പഴയ സമിതികളുടെ കൂട്ടത്തില്‍ ഇന്നും എടുത്തു പറയത്തക്കതായി നിലനില്‍ക്കുന്നു. അതേപോലെ 1936-ല്‍ സ്ഥാപിച്ച ചെല്ലാനം ഗ്രാമീണ വായനശാലയും ഇന്നും നല്ലരീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.